ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും ഒട്ടനവധി കർഷക സമരങ്ങളുടെയും വീരേതി ഹാസനങ്ങൾ രചിച്ച മണ്ണാണ് പയ്യന്നൂർ. രാഷ്ട്രപിതാവ് മഹാത്മജിയുടെ പാദസ്പർശമേറ്റ് പവിത്രമായ ഇതേമണ്ണിൽ തന്നെയാണ് ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായ കർഷകരുടെ ധീരമായ സമര പോരാട്ടവും നടന്നത്. 1930ൽ ബ്രിട്ടീഷുകാരന്റെ ഉപ്പുനിയമത്തെ വെല്ലുവിളിച്ച് കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ട്നിന്ന് പയ്യന്നൂർ ഉളിയത്ത് കടവിലേക്ക് ജാഥ നയിച്ച് ഉപ്പുകുറുക്കൽ സമരം നടത്തിയത് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ താളുകളിൽ പയ്യന്നൂരിന് ശ്രേദ്ധേയമായ ഇടമാണ് നൽകിയത്. അയിത്തത്തിനും അനാചാരങ്ങൾക്കും ജാതിക്കോമരങ്ങൾക്കും എതിരായി സ്വാമി ആനന്ദതീർത്ഥരുടെയും എ. കെ. ജി. യുടെയും നേതൃത്വത്തിൽ ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയതും ഈ മണ്ണിൽ വെച്ച് തന്നെയാണ്. “രണ്ടാം ബർദോളി” എന്നറിയപ്പെടുന്ന ഈ നാട് പുളകം കൊണ്ടതും 1928ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം പയ്യന്നൂരിൽ വെച്ച് നടന്നതും ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ഒളിമങ്ങാതെ കിടക്കുന്നു.
1935 ലാണ് മദിരാശി ഗവൺമെന്റ് പയ്യന്നൂർ പഞ്ചായത്ത് രൂപീകരിച്ചത്. സാമൂഹ്യ വികസന ബ്ലോക്കുകൾ തത്വത്തിൽ രൂപം കൊണ്ടത് 1952 ഒക്ടോബറിൽ ആണ്. എന്നാൽ 1948ൽ തന്നെ മദിരാശി സർക്കാർ ആരംഭിച്ച ഫർക്കാ ഡെവലപ്മെന്റ് പദ്ധതി അനുസരിച്ച് ഫർക്കാ ഡെവലപ്മെന്റ് ബ്ലോക്ക് ആയി പയ്യന്നൂർ പ്രവർത്തനം ആരംഭിച്ചിരുന്നു. 1953 ഒക്ടോബർ 2ന് പയ്യന്നൂർ കേന്ദ്രമാക്കി 19 ഗ്രാമങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ദേശീയ വികസന ബ്ലോക്ക് ആരംഭിച്ചതോടു കൂടി അതുവരെ നിലനിന്ന ഫർക്കാ ഡെവലപ്മെന്റ് പദ്ധതിക്ക് പുതിയ രൂപം കൈ വന്നു. 1956 ഏപ്രിൽ ഒന്നാം തീയതി സാമൂഹിക വികസന ബ്ലോക്ക് ആയി രൂപപ്പെട്ടതോടുകൂടി പയ്യന്നൂരിന്റെ വികസനത്തിനുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി.
കാസർഗോഡ് റവന്യൂ ഡിവിഷൻ ഓഫീസർ ചെയർമാനും ഒരു അനൗദ്യോഗിക അംഗം വൈസ് ചെയർമാനും ബി ഡി ഒ കൺവീനറുമായി ഒരുകമ്മിറ്റിനിലവിൽ വന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ,സഹകരണസംഘം ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളായി ഒരു ഉപദേശക സമിതി രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം അന്നത്തെ പയ്യന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട പഴയങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. ജീവിത വരുമാനം വർദ്ധിപ്പിക്കാൻ തൊഴിൽ പരിശീലനങ്ങൾ, സഹായങ്ങൾ, ശിശുവിഹാര കേന്ദ്രങ്ങൾ, വായനശാലകൾ, ഗ്രന്ഥാലയങ്ങൾ എന്നിവ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നു. ബ്ലോക്കിന്റെ പലഭാഗത്തും തൊഴിൽ പരിശീലനങ്ങൾ ആരംഭിച്ചു.
1959 ജൂലൈ ഒന്നിന് ബ്ലോക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതുവരെ ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരിക്കുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു. സ്ഥലം എടുത്തു നൽകിയാൽ സർക്കാർ കെട്ടിടം പണിയുമെന്ന തീരുമാനം വന്നപ്പോൾ കേളോത്ത് ഇന്നു കാണുന്ന സ്ഥലത്ത് 60 സെന്റ് ഭൂമി ജനകീയ സംഭാവന സമാഹരിച്ച് വാങ്ങിക്കുകയുണ്ടായി. അവിടെ പയ്യന്നൂർ ബ്ലോക്ക് ഓഫീസിന്റെ കെട്ടിടം ഉയർന്നു. വികസന ബ്ലോക്ക് പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ബ്ലോക്ക് തലത്തിലും ജനപ്രതിനിധികൾ ഉൾകൊള്ളുന്ന ഭരണ സംവിധാനം ആവശ്യമാണെന്ന ബാൽവന്തറായി മേത്ത കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1960 കളുടെ ആരംഭത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ്മ്മാരും നോമിനേറ്റഡ് അംഗങ്ങളും ഉൾകൊള്ളുന്ന ബ്ലോക്ക് വികസന സമിതി രൂപീകരിക്കുവാൻ ഗവൺമെന്റ് നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ 1962ൽ തന്നെ പയ്യന്നൂർ ബ്ലോക്കിലും ബ്ലോക്ക് വികസന സമിതി രൂപീകരിച്ചു. അങ്ങനെ രൂപീകരിക്കപ്പെട്ട ആദ്യ വികസന ബ്ലോക്ക് വികസന സമിതിയുടെ ചെയർമാൻ ശ്രീ.സുബ്രഹ്മണ്യ ഷേണായി ആയിരുന്നു. ബ്ലോക്കിന്റെ സർവ്വതോത്മുഖമായ വികസന പ്രവർത്തനങ്ങളിൽ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെപ്രവർത്തനം സ്തുത്യർഹമായിരുന്നു.
കൃഷി,മൃഗസംരക്ഷണം,സഹകരണം,ഗതാഗതം,കുടിൽ വ്യവസായം, പൊതുജനാരോഗ്യം, സാമൂഹിക വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ഊർജിതമായ വികസന പ്രവർത്തനങ്ങൾ ബ്ലോക്കിന്റെആഭിമുഖ്യത്തിൽ നടക്കുകയുണ്ടായി. കാങ്കോലിൽ വിത്തുല്പാദന കേന്ദ്രവും, പയ്യന്നൂരിൽ മൃഗാശുപത്രിയും, പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ എല്ലാ പഞ്ചായത്തുകളിലും ഉപകേന്ദ്രങ്ങളും ആരംഭിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ വിദ്യാഭ്യാസ പോഷകാഹാരം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം നൽകുന്നതിന് വേണ്ടി ബ്ലോക്കിൽ പോഷകാഹാര പരിപാടി 1966 ജൂലൈ മാസത്തിൽ ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഭാഗമായി ബ്ലോക്കിന്റെ നാനാഭാഗങ്ങളിലായി 36 പോഷകാഹാര കേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. 5 വയസിനു താഴെയുള്ള 3600 കുട്ടികൾക്കും 1080 ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഈ കേന്ദ്രങ്ങളുടെ കീഴിൽ പോഷകാഹാര വിതരണവും ആരോഗ്യ പരിപാലന പരിപാടിയും ആരംഭിച്ചു. പോഷകമൂല്യമുള്ള പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നതിനുള്ള ഒരു മാതൃക തോട്ടം കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ സൗജന്യമായി ലഭിച്ച നാല് ഏക്കർ സ്ഥലത്ത് ആരംഭിച്ചു.
കൂടാതെബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിൽ 8 വിദ്യാലയങ്ങൾ തെരഞ്ഞെടുത്ത് യുവകർഷക സംഘടനകൾ രൂപീകരിക്കുകയും അവയുടെ നേതൃത്വത്തിൽ മാതൃകാ തോട്ടങ്ങളും മറ്റും നിർമ്മിക്കുകയും ചെയ്യ്തു. ഇവയ്ക്ക് വേണ്ടുന്ന വിത്ത്, വളം, ജലസേചന സൌകര്യങ്ങൾ എന്നിവയും പ്രവർത്തനത്തിനാവശ്യമായ സാങ്കേതിക ഉപദേശങ്ങളും ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നൽകുകയുണ്ടായി.
1980ൽസംയോജിതഗ്രാമവികസന പദ്ധതിയുടെ ആവിർഭാവത്തോടുകൂടി ചെറുകിട കാർഷിക വികസന ഏജൻസി നിലവിൽ വന്നു. ഗ്രാമവികസന പരിപാടിയുടെ ഭാഗമായി തൊഴിൽരഹിതരായ ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകുകയും അവർക്ക് വായ്പയും സഹായധനവും നൽകി പുതിയ തൊഴിൽ മേഖല വികസിപ്പിക്കുകയുണ്ടായി. ഗ്രാമീണരുടെ അദ്ധ്വാനശേഷി ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ ജോലിക്ക് കൂലി ഭക്ഷണം പരിപാടി 1980ൽ ദേശീയ ഗ്രാമീണ തൊഴിൽദാന പരിപാടിയുടെ ഭാഗമായി ആരംഭിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി പ്രവർത്തനനിരതമായപ്പോൾ 20 മഹിള പ്രധാൻ ഏജന്റുമാരെയും 6 പുരുഷ ഏജന്റുമാരെയും നിയമിച്ചുകൊണ്ട് പയ്യന്നൂർ ബ്ലോക്കും മുഖ്യധാരയിൽ ചേർന്നു. ഭവനനിർമ്മാണം, കുടിവെള്ള വിതരണം, തൊഴിൽ പരിശീലനം എന്നീ മേഖലകളിൽ കൃത്യമായ ഇടപെടലുകൾ നടന്നിട്ടുണ്ട്. ബ്ലോക്ക് പരിധിക്കകത്തെ പട്ടികജാതി കുടുംബങ്ങളിലും പട്ടികവർഗ്ഗ കുടുംബങ്ങളിലും ദാരിദ്ര
ലഘൂകരണ പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി സ്ക്വാഡ് വർക്കുകളും കർമ്മപദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പട്ടികവർഗ്ഗ കോളനികളിലും സങ്കേതങ്ങളിലും ഒട്ടനവധി വികസന നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു.
1995 മുതൽ പഞ്ചായത്തിരാജ് സംവിധാനത്തിൽ രൂപീകൃതമായ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഭരണസമിതിയുടെ പ്രവർത്തനം നടന്നു വന്നത്. 7 ഗ്രാമ പഞ്ചായത്തുകളിലായി 337.49 ച.കി.മീ. വിസ്തീർണ്ണത്തിൽ പയ്യന്നൂർ ബ്ലോക്ക് പ്രദേശം വ്യാപിച്ചു കിടക്കുന്നു. മൊത്തം 173043 പേർ അധിവസിക്കുന്നു. മാനംമുട്ടെ ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾതൊട്ട് സമതല പ്രദേശങ്ങളും പിന്നീട് ഏഴിമല താഴ്വ്വാരങ്ങളെ ആശ്ലേഷം ചെയ്യുന്ന അറബിക്കടൽ വരെ നീണ്ടു നിൽക്കുന്നതാണ് ഏഴ് ഗ്രാമ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രദേശം. ആകാശ നീലിമയെ ചുംബിച്ചു നിലക്കുന്ന കൊട്ടത്തലച്ചി മലയെ വഹിക്കുന്ന ചെറുപുഴ, പശ്ചിമഘട്ടത്തിൽ തലചായിച്ചുറങ്ങുന്ന പെരിങ്ങോം-വയക്കര, പ്രകൃതി സമ്പത്തിനാലും മതസൌഹാർദ്ധത്തിനാലും പുകൾകൊണ്ട എരമം-കുറ്റൂർ, കപിലന്റെ യാഗഭൂമിയെന്നറിയപ്പെടുന്ന കാങ്കോൽ-ആലപ്പടമ്പ, കർഷക പോരാട്ടങ്ങളുടെ വീരേതിഹാസം ഇന്നും അയവിറക്കിക്കൊണ്ടിരിക്കുന്ന കരിവെള്ളൂർ-പെരളം, വെങ്കല നിർമിതിയിൽ പുകൾപെറ്റ കുഞ്ഞിമംഗലം, ഏഴിമല നാവൽ അക്കാദമിയിലൂടെ ഇന്ത്യൻ പ്രതിരോധ ശക്തിക്ക് കരുത്ത് പകരുന്ന രാമന്തളി എന്നിവയാണ് ഈ ഏഴ് ഗ്രാമ പഞ്ചായത്തുകൾ. വ്യത്യസ്ത മതവിഭാഗങ്ങൾ,ജനവിഭാഗങ്ങൾഒത്തുചേർന്ന് രമ്യതയോടെ കഴിഞ്ഞുവരുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ തനിപകർപ്പ് എന്നപോലെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂഭാഗങ്ങളിലായി പരന്നുകിടക്കുന്ന ഈ ബ്ലോക്ക് ഉത്തര കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്ര നിർമ്മിതിയിൽ വഹിച്ച പങ്ക് നിസ്തുലമാണ്. 2017 ഒക്ടോബർ 30ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്ത ആധുനിക സൌകര്യങ്ങളോട് കൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഏറെ സൌകര്യപ്രദമായി ബ്ലോക്കോഫീസ് പ്രവർത്തിച്ചു വരുന്നത്.