ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി കണ്ണൂർ ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ആണ് പയ്യന്നൂർ. കിഴക്ക് പശ്ചിമഘട്ട മലനിരകൾ തൊട്ടു പടിഞ്ഞാറ് അറബിക്കടൽ വരെ ചരിഞ്ഞിറങ്ങിയാണ് ഈ ബ്ലോക്ക് കിടക്കുന്നത്. ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ മലനിരകളാലും ഇടത്തരം കുന്നുകളാലും സമൃദ്ധമായിരിക്കുമ്പോൾ രാമന്തളി ഗ്രാമപഞ്ചായത്തിന് മാത്രമേ അറബിക്കടൽ അതിരിടുന്നുള്ളൂ. കുന്നുകളും ചരിവുകളും താഴ്‌വാരകളും സമതലങ്ങളും പുഴകളും അരുവികളും തോടുകളും ചതുപ്പ് നിലകളും കൃഷിഭൂമിയും പയ്യന്നൂർ ബ്ലോക്കിനെ സമ്പന്നമാക്കുകയും അതോടൊപ്പം ഹരിതാഭമാക്കുകയും ചെയ്യുന്നു.
ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ വ്യത്യാനം വലിയ തോതിൽ അനുഭവപ്പെടുന്നില്ല എന്നിരിക്കിലും മഴയുടെ സമൃദ്ധി വേണ്ട രീതിയിൽ ഉൾക്കൊള്ളുവരുന്നുണ്ട് മലയോര പ്രദേശങ്ങൾ. ബ്ലോക്ക് പ്രദേശത്തെ ശരാശരി വർഷപാതം 3512.5 മി. മീറ്ററാണ്. തെക്കു പടിഞ്ഞാറ് മൺസൂൺ കാലത്തും വടക്കു കിഴക്കൻ കാലവർഷക്കാലത്തുമാണ് മഴ ലഭിക്കുന്നത്. മഴയുടെ അളവ് വർഷംതോറും കുറയുന്നതായാണ് കണ്ടുവരുന്നത്. പാരിസ്ഥിതികമായി വളരെയധികം വിനാശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് പയ്യന്നൂർ ബ്ലോക്ക് പ്രദേശം. കുന്നുകളുടെയുംമലകളുടെയും വിസ്താരം സ്ഥാനം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വന പ്രദേശങ്ങൾ കയ്യേറ്റ ഭൂമികൾ ആകുന്നു. ഇടത്തരം അരുവികളും തോടുകളും വറ്റിവരണ്ടിരിക്കുന്നു. അനധികൃത കയ്യേറ്റത്താലും ഖനനത്താലുംപ്രകൃതിയുടെസന്തുലിതാവസ്ഥ മട്ടിമറിക്കപ്പെടുന്നു.
ചുവന്ന ചരൽ മണ്ണ്, കളിമണ്ണ്, ചെമ്മണ്ണ്, കറുത്ത മണ്ണ് എന്നിവയാണ് വിവിധ പ്രദേശങ്ങളിലായി കണ്ടുവരുന്ന മണ്ണിനങ്ങൾ. കുന്നിൻ ചെരിവുകളിലും മണ്ടകളിലും കൂടുതലായും ലാറ്റലൈറ്റ് മണ്ണ് കാണപ്പെടുന്നു. സമതലങ്ങളിൽ കളിമണ്ണും കാണപ്പെടുന്നു. ഇടനാടൻ പ്രദേശങ്ങളിൽ ചെമ്മണ്ണും കറുത്ത മണ്ണും ഉണ്ട്. വനനശീകരണത്തിന്റെയും അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പിന്റെയും ഫലമായി നാൾക്കുനാൾ മണ്ണിന്റെ പോഷണശക്തി കുറഞ്ഞുവരുന്നതായുംഅനുഭവപ്പെടുന്നു.
സമതലങ്ങളിലെ നെൽവയലുകളിൽ പൂഴിമണ്ണാണ് ഉള്ളത്. വെറും പൂഴി മാത്രമുള്ള മണ്ണ് പൊതുവേ ഫലപുഷ്ടി കുറഞ്ഞതാണ്. കടൽ തീരപ്രദേശങ്ങളായ രാമന്തളിയിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പൂഴിമണ്ണ് ആണുള്ളത്. ഈ മണ്ണിൽ ധാരാളം ഉപ്പു രസം അടങ്ങിയിരിക്കുന്നു. രാമന്തളിയുടെ കിഴങ്ങ് പ്രദേശങ്ങളിൽ പൊതുവേ ലാറ്ററൈറ്റ്, ചെമ്മണ്ണ് എന്നിവയാണ് കാണപ്പെടുന്നത്.
വർഷപാതം കൂടുതലുള്ള പ്രദേശമായിട്ടും വേനൽ കാലങ്ങളിൽ കുടിവെള്ളത്തിന് വളരെയധികം ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഒട്ടനവധിയുണ്ട് ബ്ലോക്ക് പരിധിക്കുള്ളിൽ. നിരവധി തോടുകളും ചെറു അരുവികളും നീരിച്ചാലുകളും ഉണ്ടെങ്കിൽ കൂടി തന്നെ എല്ലാം ഡിസംബർ ജനുവരി മാസങ്ങളോടുകൂടി തന്നെ വറ്റിവരണ്ടു പോകുന്നു. ശാസ്ത്രീയമായ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കപ്പെടുന്നത്. മനുഷ്യന്റെ ജല ഉപയോഗ രീതികളും അലക്ഷ്യമായ കൃഷി രീതികളും കുടിവെള്ളക്ഷാമത്തെ ഗുരുതരമാക്കുന്നു. കുടിവെള്ള പാത്രങ്ങളേന്തി നിൽക്കുന്ന ആളുകളുടെ നീണ്ട വരികൾ മിക്കവാറും എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഒരുകാഴ്ചയാണ്. ടാങ്കറുകളിൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ചെയ്യുന്ന പതിവ് നാം കണ്ടുവരുന്നു.
ജൈവസമ്പത്താൽ ഏറ്റവും അധികം അനുഗ്രഹീതമായ ഒരു പ്രദേശമാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെകിഴക്കൻ പ്രദേശങ്ങൾ ഒരുകാലത്ത് നിബിഡ വനങ്ങളാൽ സമ്പന്നമായിരുന്നു. അനധികൃതമായ കയ്യേറ്റവും മനുഷ്യന്റെ ആർത്തിയുംമൂലം ഈ പ്രദേശങ്ങളൊക്കെ ഇന്ന് വെട്ടിവിളിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജനസംഖ്യ വർദ്ധനവ് ഇതിനൊക്കെ ഒരു കാരണമായി നാം പറയുമെങ്കിലും അതല്ല വനംകൊള്ളക്കും അനധികൃത കയ്യേറ്റത്തിനുംകാരണമാണെന്ന്സൂക്ഷ്മപരിശോധനയിൽ മനസ്സിലാക്കാവുന്നതാണ്.അപൂർവ്വമായ സസ്യജാലങ്ങൾ അനുദിനം വെട്ടിനീക്കപ്പെടുന്നു. ഔഷധികളുടെ കലവറ ഇന്ന് നമുക്ക് ഓർക്കാൻ മാത്രമുള്ളതായി മാറുന്നു.