സാമൂഹിക സാംസ്കാരിക സാമ്പത്തിക ചരിത്രം

ചരിത്രാവശിഷ്ടങ്ങൾവെച്ച് പരിശോധിക്കുമ്പോൾ ചേരരാജവംശത്തോളം നീണ്ടുനിൽക്കുന്ന ചരിത്ര വായന പയ്യന്നൂരിനെ സംബന്ധിച്ചിടത്തോളം സാധ്യമാണ്. പണ്ഡിതന്മാരുടെയും കവികളുടെയും കലാകാരന്മാരുടെയും നാടാണിത്. വൈദ്യം, ജ്യോതിഷം, ശില്പകല, നാടൻകല,കളരി തുടങ്ങിയ മേഖലകളിലും ശോഭിച്ച മണ്ണാണിത്. സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച വിപ്ലവാശയങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള നാട് കൂടിയാണിത്. 

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനവേദിയായി 1928ൽ തെരഞ്ഞെടുത്തത് പയ്യന്നൂരാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും വൻ പങ്കാളിത്തം കൊണ്ട് ആ സമ്മേളനം വളരെ ശ്രദ്ധേയമായി. ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കന്മാർ ആ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. അയിത്തത്തിനെതിരെ നടന്ന ധീരോജ്വലമായ സമരത്തിന്റെ ഭാഗമായി ജാഥ നയിച്ചപ്പോൾ കണ്ടോത്തുവെച്ച് എ കെ ജി യും കേരളീയനും ഏൽക്കേണ്ടിവന്ന ക്രൂരമായ മർദ്ദനത്തിന്റെ കഥ നാടിന്റെ പോയ കാല ചരിത്രമാണ്. 

1934 ഹരിജനങ്ങൾക്ക് പൊതുജന സംഭാവന വാങ്ങാൻ ഗാന്ധിജി പയ്യന്നൂരിൽ വന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ സന്ദേശവുമായി കേളപ്പനും കൃഷ്ണപിള്ളയും നയിച്ച കാൽനടജാഥ രാമന്തളി കടപ്പുറത്ത് നിന്നും പയ്യന്നൂരിലെ ഉളിയത്ത് കടവിൽ നിന്നും ഉപ്പു കുറുക്കുകയും ഉണ്ടായി. ഈ സമരത്തിന്റെ സ്മരണാർത്ഥമാണ് പയ്യന്നൂരിന് രണ്ടാം ബാർദോളി എന്ന പേര് ലഭിച്ചത്. ഹിന്ദി പ്രചാരണം,നൂൽനൂൽപ്പ്,കള്ള്ഷാപ്പ് പിക്കറ്റിങ്, വിദേശ വസ്ത്രബഹിഷ്കരണം തുടങ്ങിയ സ്വാതന്ത്രസമര കൈവഴികളിലൂടെ പയ്യന്നൂർ ദീർഘദൂര സഞ്ചരിക്കുകയുണ്ടായി. പയ്യന്നൂരിൽ സി.എച്ച്.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്വാതന്ത്രസമരം കത്തിപ്പടർന്നു. 1934ൽ അഭിനവ യുവക്സംഘം ഏ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കരിവെള്ളൂരിലുംപരിസരപ്രദേശങ്ങളിലുംരൂപംകൊണ്ടു. സ്വാതന്ത്രസമരത്തിന്റെ കൈവഴികളിൽ ഒന്നായിരുന്ന കർഷക സമരങ്ങൾ വിവിധ പ്രദേശങ്ങളിൽ ആളിപ്പടർന്നു. ജന്മി-നാടുവാഴിത്തത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പയ്യന്നൂരിലും പരിസരത്തും ഉടലെടുത്ത ആശയരൂപീകരണങ്ങൾ സംഘടന തലത്തിലും സമര 

പ്രഖ്യാപനങ്ങളിലേക്കും വ്യാപിച്ചു.ജന്മിമ്മാരുടെ കുടിലതകൾക്ക് എതിരെ കർഷകരും പൊതുസമൂഹവും ഒന്നിച്ചു നീങ്ങി. വാശി, നുരി, വെച്ചുകാണൽ,ശീലകാശ്, കളിപ്പണം തുടങ്ങിയ ജന്മിമാർ അടിച്ചേൽപ്പിച്ച പ്രാകൃത പിരിവുകൾക്കെതിരെ കർഷക ജനത സടകുടഞ്ഞെഴുന്നേറ്റപ്പോൾ വിവിധ പ്രദേശങ്ങളിൽ സമരങ്ങളും ചെറുത്തുനിൽപ്പുകളുംപലയിടത്തും സജീവമായി.ലാത്തിചാർജും, വെടിവെപ്പുകളും ഉണ്ടായി. കരിവെള്ളൂരിൽ സമര ഭടമ്മാർ വെടിയുണ്ടയ്ക്കിരയായി.