വികസന കാഴ്ച്ചപ്പാട് ദൗത്യവും

        

വികസന കാഴ്ച്ചപ്പാട് ദൗത്യവും

  ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി ശരിയായ വിശകലത്തിലൂടെ വികസന സങ്കല്പത്തിലേക്ക് ഉയരുക എന്നതാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാതല്‍. പ്രദേശത്തിന്‍റെ സമ്പദ്ഘടന, ദീര്‍ഘകാല വികസന ആവശ്യങ്ങള്‍, മുന്‍കാല അനുങവങ്ങള്‍  എന്നിവ കണക്കിലെടുത്ത് പദ്ധതി ആസൂത്രണത്തില്‍ സ്ഥലപരവും സ്ഥായിയാതുമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കലാണ് 2026-27 വാര്‍ഷിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന നിലയില്‍  മൂന്ന് വികസന മേഖലയുടെ വികാസത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

          സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് ഡിജിറ്റല്‍ രീതിയിലേക്ക് മുറുന്നതിനുള്ള ചുവട് വെയ്പിലാണ്. നമ്മുടെ ഓഫീസും ഇതിനകം ഇ ഓഫീസായി മാറിക്കഴിഞ്ഞു. 1952 ല്‍ ദേശീയ വികസനബ്ലോക്കായി ആരംഭിച്ച നമ്മുടെ ഓഫീസിലെ രേഖകള്‍ കേരളപ്പിറവിക്ക് മുമ്പെയുള്ള ചരിത്രം പറയുന്നതാണ്. അന്നുമുതല്‍ ഇന്നുവരെയുള്ള കടലാസ് രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുക, അനുബന്ധ ഓഫീസുകളുടെ ആധുനിക വത്കരണം, ബ്ലോക്ക് പഞ്ചായത്ത് വെബ് സൈറ്റ് കാലികമാക്കല്‍, ഭിന്നശേഷീ സൗഹൃദം, പൗരവകാശ രേഖയും അപേക്ഷ ട്രാക്കിങ്ങും വിരല്‍തുമ്പില്‍ ലഭ്യമാക്കല്‍, സേവനങ്ങളില്‍ വേഗതയും കൃത്യതയും ഉറപ്പാക്കല്‍, അനുബന്ധ ഓഫീസുകള്‍ക്ക് ഐ എസ് ഒ നിലവാരം ഉണ്ടാക്കുന്നതിനുള്ള പ്രവ്രര്‍ത്തനങ്ങള്‍ എന്നിവ സദ്ഭരണത്തിന്‍റെ ഭാഗമായി എറ്റെടുക്കാവുന്നതാണ്.

          കാര്‍ഷിക മേഖലയില്‍ ഇന്ന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്രപദ്ധതി എന്നനിലയില്‍ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കപ്പെടണം. ഇക്കാര്യത്തില്‍ സമഗ്ര പദ്ധതിക്കും വകുപ്പുകളുടെ പദ്ധതിയുമായി സംയോജിപ്പിച്ച് സംയോജന സാധ്യതയും പരിശോധിക്കപ്പെടണം. പ്രദേശത്തെ കാലാവസ്ഥയും സ്വീകരിക്കാവുന്ന  കൃഷിരീതികളും പഠിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പഠനം നടത്തുകയും സുസ്ഥിരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം. കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം സംവിധാനവും സംഭരിക്കുന്നതിന് കോള്‍ഡ് സ്റ്റോറെജ് സൗകര്യം സഹകരണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ഉണ്ടാക്കാവുന്നതും കയറ്റുമതി  സാധ്യതയ്ക്കായി കണ്ണൂര്‍ വിമാന താവളം പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.  ഇതോടൊപ്പം ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിതമാക്കുന്നതിന് പ്രോത്സാഹനം നല്‍കി കാര്‍ഷിക മേഖലയെ ഊര്‍ജ്ജിതപ്പെടുത്താനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയണം. ഇന്ന് ഈ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ദൈനം ദിമെന്നോണം ഉയരുന്ന ഉത്പാദന ചെലവ് ,  ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കാത്ത അവസ്ഥ ഇട നിലക്കാരുടെ ചൂഷണം, എന്നിവയാണ്. ഇവയ്ക്ക് പരിഹാരമായി  കുറഞ്ഞ സ്ഥത്ത് നിന്ന് കൂടുതല്‍  ഉല്പാദനവും അടിസ്ഥാന സൗകര്യങ്ങളുടെ സൗകര്യവും സാധ്യമാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണവും, പരമ്പരാഗത ജല സ്രോതസ്സുകളുടെ സംരക്ഷണവും ജല നിര്‍ഗ്ഗമന സംവിധാനങ്ങളും ഉറപ്പുവരുത്തണം. 

 

          ക്ഷീരമേഖലയില്‍ തനത് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കാവുന്നതാണ്. നിലവില്‍ നടപ്പാക്കി വരുന്ന കാലിത്തീറ്റ സബ്സിഡി, ഉത്പാദന ബോണസ് എന്നിവ തുടര്‍ന്നും നടപ്പാക്കുന്നതൊടൊപ്പം ജൈവവള നിര്‍മ്മാണ യൂനിറ്റ് , ക്ഷീര മേഖലയുമായി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംയോജനം തുടങ്ങിയവും മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കണം . മൃഗ സംരക്ഷണ മേഖലയില്‍ ബ്ലോക്ക് പ്രദേശത്തോ സമീപ സ്ഥലങ്ങളിലോ സ്ഥല ലഭ്യതക്കനുസരിച്ച്  വിത്തുല്പാദനത്തിനായുള്ള വലിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ആരംഭിക്കാന്‍ സാധിക്കണം .

          സംരംഭക വര്‍ഷമായ ഈ വര്‍ഷവും തുടര്‍ന്നും വ്യാവസായിക വളര്‍ച്ചയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ചെറുകിട വ്യാവസായിക സംരഭകരേയും വനിതാ വ്യവസായ സംരഭകരേയും പ്രവാസികളേയും പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പ്രൊജക്ടുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അത് വഴി കൂടതല്‍ പേര്‍ക്ക് തൊഴിലും തൊഴിലവസരങ്ങളും പ്രദാനം ചെയ്യാന്‍ കഴിയണം. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂവിനിയോഗം പൂര്‍ണ്ണ തോതിലാക്കണം. വനിതാ കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പുരുഷ സ്വയം സഹായ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കണം . അതോടൊപ്പം ചെറുകിട വ്യവസായ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണികളുടെ സാദ്ധ്യതകള്‍ ഇനിയും മെച്ചപ്പെടണം. മറ്റ് പ്രമുഖ മാര്‍ക്കെറ്റിങ്ങ് നെറ്റ് വര്‍ക്കുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വിപണന ശൃംഖലയില്‍ കണ്ണികളാകാന്‍ സാധിക്കണം.. മേല്‍ പറഞ്ഞ മൂന്ന് വികസന മേഖലകളാണ് ഈ വര്‍ഷം ഊന്നല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

          സാമൂഹ്യ സേവന മേഖലയിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും ജനകീയ ആസൂത്രണത്തിന്‍റെ ഉജ്ജ്വലമായ തുടക്കത്തിലൂടെ  സമ്പന്നമായ ഇന്നലെകളില്‍ പകര്‍ന്നുകിട്ടിയ ഊര്‍ജ്ജം ക്രിയത്മകമായ മാറ്റങ്ങള്‍ക്കായി ആധുനിക വത്കരിക്കുക എന്നത് പ്രധാനമാണ്. ജനങ്ങളുടെ ക്ഷേമം പരമപ്രധാനമെന്ന ബോധത്തെ മുന്‍നിര്‍ത്തിക്കൊണ്ട് സേവന മേഖലയിലെ ആരോഗ്യം, കുടിവെള്ളം. ശുചിത്വസൗകര്യങ്ങള്‍, വനിതാശിശു, പട്ടികജാതി, പാര്‍പ്പിടം, സാമൂഹ്യ ക്ഷേമം, സദ്ഭരണം എന്നീ ഉപവികസന മേഖലകളുടെ കാലികമായ വികസനം - സ്ഥലപരമായ ആസൂത്രണം , വിഭവ വിനിയോഗം , ആവശ്യാധിഷ്ടിത സമീപനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകണം രൂപപ്പെടുത്തേണ്ടത്. 

          ആരോഗ്യരംഗത്ത് ജീവിത ശൈലിരോഗങ്ങളോടൊപ്പം കാന്‍സര്‍, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവയും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.  മാതൃശിശു സുരക്ഷ ഉറപ്പാക്കല്‍, ജീവിതശൈലീ രോഗ നിയന്ത്രണം, രോഗാതുരയാല്‍ അവശതയനുഭവിക്കുന്ന ആലംബഹീനര്‍ക്ക് പരിചരണം,  രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൗമാര വയോജന ആരോഗ്യ പരിപാലനം, അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.  കിടപ്പിലായവര്‍ക്കുള്ള സാന്ത്വന പദ്ധതിക്കായി കൂടുതല്‍ തുക വകയിരുത്തുന്നതോടൊപ്പം പ്രാഥമിക സാന്ത്വന പദ്ധതിക്കായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുകയും വേണം. അതിദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പാക്കുന്നതിന് അതീവ പ്രാധാന്യം നല്‍കേണ്ടതുണ്ട്. 

.  കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടേയും ഗര്‍ഭിണികളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സംരക്ഷിക്കുന്നതിനും അതിജീവനം, പങ്കാളിത്തം, സംരക്ഷണം, വികാസം എന്നിവയുമായി  ബന്ധപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സാധ്യമാക്കുന്നതിനും അംഗന്‍വാടികള്‍ മുഖേന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗം സ്ത്രീകളേയും ഉള്‍ക്കൊള്ളണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ഇന്ന് നടക്കുന്ന സാമ്പത്തിക വിനിമയത്തിനപ്പുറത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിനുതകുന്ന സൂക്ഷ്മ സംരഭങ്ങള്‍ ആരംഭിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക്  ഉയരുന്നതിന് കൈത്താങ്ങേകുന്ന പദ്ധതികള്‍ രൂപപ്പെടണം.

          അതിവേഗത്തിലുള്ള നഗരവത്കരണം സൃഷ്ടിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികള്‍ അവലംബിക്കേണ്ടതും അവ നില നിര്‍ത്താന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.

          പശ്ചാത്തല മേഖലയില്‍ ഗതാഗതസൗകര്യം താരതമ്യേന കുറഞ്ഞ പ്രദേശത്തിന്  മുന്‍ഗണന നല്‍കി പ്രധാന  റോഡുമായി ബന്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം. കാര്‍ഷിക വ്യവസായിക വാണിജ്യ പുരോഗതിയെ സഹായിക്കുന്ന വിധത്തിലുള്ള റൂറല്‍ കണക്ടിവിറ്റി പ്ലാനുകള്‍ തയ്യാറാക്കി മുന്‍ഗണന നിശ്ചയിക്കണം. സ്ഥലപരമായ ആസൂത്രണത്തിലൂടെ വികസന സാധ്യതകളെ മുന്‍നിര്‍ത്തി ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക, നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആസ്തികളുടെ യഥാകാലത്തിലുള്ള അറ്റകുറ്റപ്പണികളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ വാര്‍ഷികപദ്ധതിയുടെ ഭാഗമായി പശ്ചാത്തല മേഖലയില്‍ ഏറ്റെടുക്കേണ്ടവയാണ്.

അതിദാരിദ്രനിർമ്മാർജ്ജനം 2.0 സമ്പൂർണ്ണ മാലിന്യമുക്തകേരളം എന്നീലക്ഷ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകികൊണ്ട് വനിതകൾക്ക് സാമ്പത്തിക ശാക്തീകരണവും സാമൂഹിക സുരക്ഷതത്വവും ഉറപ്പ് വരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ഈവർഷം ആവിഷ്കരിക്കേണ്ടതാണ്. ജലസംരക്ഷണത്തിന് കേന്ദ്രധനകാര്യകമ്മീഷൻ ഫണ്ട് , ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 

          നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതോടൊപ്പം നാളെയുടെ പ്രതീക്ഷകളെ കണ്ടുകൊണ്ട് ദീര്‍ഘകാല പരിപാടികള്‍ തയ്യാറാക്കി നടപ്പാക്കാന്‍ 14-ാം പദ്ധതിയുടെ അഞ്ചാം വാര്‍ഷിക പദ്ധതി 2026-27 വര്‍ഷത്തിലൂടെ  ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുകയാണ്. 100 ശതമാനം വിഭവ വിനിയോഗത്തിലൂടെയും മോണിറ്ററിങ്ങ് കാര്യക്ഷമമാക്കിയും ഇത് കൈവരിക്കാന്‍ സാധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. പട്ടികജാതി/പട്ടികവര്‍ഗ മേഖലയിലെ രൂക്ഷമായ പ്രശ്നം ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. കുടിവെളളക്ഷാമ മടക്കമുളള പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം. ഉന്നതികളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. പിന്നോക്ക ജനവിഭാഗങ്ങളുടെ തൊഴില്‍-സാംസ്കാരിക മേഖലകളില്‍ പുരോഗതി സാധ്യമാക്കുന്ന പദ്ധതികള്‍ ആവശ്യമാണ്.